up
ആരും അറിയാതെ പോയ ബജറ്റിന്‍റെ കോലവും കോളിളക്കവും
  0000-00-00   21:44:00
      NEWS BUREAU-TSR
     
     EVENTS
പതിമൂന്നാം നിയമസഭയിലെ 13ാം സമ്മേളനത്തില്‍ പതിമൂന്നാം തിയ്യതി തന്നെ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിച്ചു. പ്രതിപക്ഷം ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തിനിടെയിലായിരുന്നു ബജറ്റവതണം. ബാര്‍ കോഴക്കേസില്‍ കുറ്റാരോപിതനായ കെ.എം മാണി ബജറ്റവതരിപ്പിക്കുന്നത് തടയണമെന്ന് പ്രതിപക്ഷത്തിനു പുറമേ ബി.ജെ.പി യും മുഖ്യമന്ത്രിയോടാവശ്യപ്പെട്ടിരുന്നു.

സംസ്ഥാന ബജറ്റ് അവതരണത്തിനിടെ സംഘര്‍ഷം ഉണ്ടാവാതിരിക്കാന്‍ അഞ്ച് എസ്.പി മാരുടെ നേതൃത്വത്തില്‍ 2500 പോലീസുകാരെ വിന്യസിച്ചിരുന്നു. സഭയ്ക്കുള്ളിലും കെ.എം മാണിയുടെ സുരക്ഷാ ചുമതല വാച്ച് ആന്റ് വാര്‍ഡിനായിരുന്നു. സോളാര്‍ കേസിലെ ഉപരോധ സമരത്തിനു ശേഷം ആദ്യമായാണ് തലസ്ഥാനത്ത് ഇത്തരത്തില്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തുന്നത്.

എന്നാല്‍ നാടകീയമായിരുന്നു ബജറ്റവതരണം. നിയമസഭയില്‍ കനത്ത സംഘര്‍ഷമാണുണ്ടായത്. വാച്ച് ആന്റ് വാര്‍ഡിന്റെയും എം.എല്‍.എ മാരുടെയും കയ്യാങ്കളിക്കിടെ ഭരണപക്ഷ അംഗങ്ങളുടെ സീറ്റിനു പിന്നിലെ വാതിലിലൂടെയാണ് മാണി അകത്ത് പ്രവേശിച്ചത്. എന്നാല്‍ പുതിയ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എന്‍.ശക്തന് തന്റെ ഡയസിലെത്താന്‍ സാധിച്ചില്ല.
സ്പീക്കറെ ഡയസിലെത്താതിരിക്കാന്‍ തടയുകയായിരുന്നു പ്രതിപക്ഷത്തിന്റെ ലക്ഷ്യം. സ്പീക്കറുടെ കസേരയും കമ്പ്യൂട്ടറുകളും സംഘര്‍ഷത്തില്‍ തകര്‍ന്നു പോയിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ ആംഗ്യം കാണിച്ച് അനുമതി നല്‍കുകയായിരുന്നു. മൈക്കും റൂളിംഗുമില്ലാതെ മാണി ബജറ്റിലെ ഏതാനും വരികള്‍ മൂന്ന് മിനിറ്റ് നേരം അവതരിപ്പിച്ചു. തുടര്‍ന്ന് ലഡു വിതരണം ചെയ്തത് ശ്രദ്ധേയമാകുകയും ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തു.

പിന്നീട് നടത്തിയ പത്ര സമ്മേളനത്തിലാണ് മാണി ബജറ്റ് പൂര്‍ണമായി അവതരിപ്പിച്ചത്. എന്നാല്‍ ചട്ടവും ക്രമവും ഇല്ലാതെ നടന്ന ബജറ്റവതരണത്തിന്റെ സാധുത ഗവര്‍ണറുടെ മുന്നിലാണ്. നിഷ്പക്ഷമായ നിലപാടെടുക്കുന്നതില്‍ സ്്പീക്കര്‍ പരാജയപ്പെടുകയായിരുന്നു.
പരസ്യമായിക്കഴിഞ്ഞ മാണിയുടെ ബജറ്റ് ഇനി അവതരിപ്പിക്കാന്‍ കഴിയില്ലെന്നതും വാസ്തവമാണ്. സംസ്ഥാനത്ത് 356-ാം വകുപ്പ് അനുസരിച്ച് നടപടി എടുക്കാനുളള സാഹജര്യമാണുള്ളതെന്ന് ഗവര്‍ണര്‍ പി. സദാശിവം ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങിനെ വന്നാല്‍ രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതയാണുള്ളത്.
സംഘര്‍ഷത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണ സി.ദിവാകരന്‍ , കെ.കെ അജിത് കുമാര്‍, വി.ശിവന്‍കുട്ടി എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. വനിതാ എം. എല്‍.എ മാരെയും കൈയ്യേറ്റം ചെയ്തതായി വന്‍ പ്രതിഷേധമുയര്‍ന്നു. ഇതിനിടെ സംഭവ ദിവസം തന്നെ ജമീല പ്രകാശം തന്നെ കടിച്ചുവെന്നാരോപിച്ച് ശിവദാസന്‍ നായര്‍ പത്ര സമ്മേളനം നടത്തിയിരുന്നു.
മന്ത്രി ഷിബു ബേബി ജോണ്‍ തന്നെ തടഞ്ഞതിനെതിരെ ബിജിമോള്‍ എം.എല്‍.എ യും രംഗത്തെത്തി. കോണ്‍ഗ്രസിലെ ചില എം എല്‍ എ മാര്‍ മോശമായാണ് വനിതാ എം.എല്‍.എ മാരെ കൈകാര്യം ചെയ്തതെന്നാരോപിച്ച് നിരവധി പരാതികളും ഉയര്‍ന്നു. വിഭാഗീയതകള്‍ മറന്ന് വി.എസും പ്രതിപക്ഷത്തിനു വേണ്ടി രംഗത്തെത്തി.

എന്നാല്‍ നിയമസഭയിലെ സംഭവങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഉത്സവമായിരുന്നു. ഫേസ്ബുക്ക് കലാകാരന്‍മാരുടെയും സാഹിത്യകാരന്‍മാരുടെയും കലാവിരുതില്‍ ആട്ടവും പൊടി പൊടിച്ചു. ഇരു പക്ഷക്കാരെയും അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ സജീവമായിരിക്കെ ആഘോഷങ്ങള്‍ക്ക് ഇനിയും തിരശീല വീണിട്ടില്ല.
അതേസമയം വനിത എം.എല്‍.എ മാര്‍ക്കെതിരെ കൈയ്യേറ്റമുണ്ടായൊരോപിച്ച് അടുത്ത ദിവസം തന്നെ എല്‍.ഡി.എഫ് ഹര്‍ത്താലിനാഹ്വാനം ചെയ്തു. അതിനടുത്ത ദിവസം യു.ഡി.എഫ് കരിദിനമായും ആചരിച്ചു.

ഇതിനിടയില്‍ എല്‍.ഡി.എഫ് ഹര്‍ത്താലിനിടെ അങ്കമാലിയില്‍ ഇടതു പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. എന്നാല്‍ അങ്കമാലിയിലെ റൂറല്‍ എസ്.പി യതീഷ് ചന്ദ്രന്റെ നടപടി മനുഷ്യത്വ രഹിതമാണെ് ആരോപിച്ച് നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. യതീഷ് ചന്ദ്രനെ ഏതാനും പേര്‍ അനുകൂലിച്ചും ഫെയ്‌സ്ബുക്കിലുള്‍പ്പെടെ രംഗത്തെത്തി.

ബജറ്റ് അവതരണ വേളയില്‍ നിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ അഞ്ച് പ്രതിപക്ഷ എം.എല്‍.എ മാരെ സസ്‌പെന്റ് ചെയ്തു. ഇ.പി ജയരാജന്‍, വി.ശിവന്‍കുട്ടി, കെ.ടി ജലീല്‍, കെ.കുഞ്ഞഹമ്മദ്്, കെ. അജിത് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. സഭാ സമ്മേളനം തീരുന്നതു വരെയാണ് സസ്‌പെന്‍ഷന്‍ എന്ന് മുഖ്യമന്ത്രി അറിയിച്ചു.

കേരള നിയമ സഭയുടെ ചരിത്രത്തിലുണ്ടായ കോലാഹലങ്ങള്‍ സുപ്രീം കോടതിയുടേതടക്കം ദേശീയ തലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിലിതെന്തു നടക്കുന്നുവെന്ന സൂപ്രീം കോടതിയുടെ ചോദ്യം അപമാനകരമായിരുന്നു. പ്രതിപക്ഷത്തിന്റെ നടപടി ഉചിതം തന്നെയെന്നായിരുന്നു സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതികരിച്ചത്. നിയമ സഭയില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരം എന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പറഞ്ഞു. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഭരണപക്ഷമാണെന്ന് മണിക് സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

നിയമസഭാ കോലാഹലങ്ങളെ തുടര്‍ന്ന് മറ്റ് കോലാഹലങ്ങള്‍ ഇപ്പോഴും തുടരുകയാണ്. എന്നാല്‍ സംഭവങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കേ സാധാരണക്കാരനെ സംബന്ധിച്ച് ആത്മഹത്യാപരമായിരുന്നു ബജറ്റ്.

ഇനി ബജറ്റിലോട്ടൊരു നോട്ടം
.............................................

ഇത്തവണത്തെ സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് ആയിരുന്നു കെ. എം മാണി അവതരിപ്പിച്ചത്. വികസനവും കരുതലും കോര്‍ത്തിണക്കിയുള്ള ബജറ്റവതരണമായിരിക്കും എന്നായിരുന്നു മാണിയുടെ അവകാശവാദം. ബജറ്റ് ആദ്യം അവതരിപ്പിച്ചപ്പോള്‍ അവശ്യ സാധനങ്ങളുടെ കൂട്ടിയിരുന്നെങ്കിലും കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് വില കുറക്കുകയായിരുന്നു. എന്നിരുന്നാലും പെട്രോള്‍ ഡീസല്‍ വില വര്‍ധന നിത്യോപയോഗ സാധനങ്ങളുടെ വില ഉയര്‍ത്തും. കര്‍ഷകരെ പൂര്‍ണമായും അവഗണിക്കത്തക്ക വിധത്തിലുള്ള ബജറ്റായിരുന്നു. കെ.എസ്.ആര്‍.ടി.സി പോലുള്ള പൊതു മേഖലാസ്ഥാപനങ്ങളെ അവഗണിച്ചു. ആരോഗ്യ മേഖലയില്‍ കാര്യമായ പദ്ധതികളൊന്നും ഇല്ല.


പ്രധാന പദ്ധതികള്‍
...........................................
അംഗനവാടി ജീവനക്കാരുടെ ഓണറേറിയം ഉയര്‍ത്തി
ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ 75 കോടി
ശബരിമല മാസ്റ്റര്‍ പ്ലാനിന് 25 കോടി
ട്രഷറികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 50 കോടി
സാന്ത്വനം പദ്ധതിക്ക് 7.5 കോടി
കോട്ടയം നെഹ്‌റു സ്‌റ്റേഡിയം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം മോഡലില്‍ നവീകരിക്കും
ചീമേനി ഇലക്ട്രിക് പല്‍ന്റിന് ഒരു കോടി
ചിറ്റൂര്‍മലമ്പുഴ പദ്ധതികള്‍ക്ക് 28 കോടി
കായിക വികസനത്തിനായി 69 കോടി
സാമൂഹിക നീതി വകുപ്പിന്റെ കീഴില്‍ ഒരു ലക്ഷം വളന്റിയര്‍മാരെ വാര്‍ത്തെടുക്കും
മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി 3 കോടി
പട്ടികജാതി ക്ഷേമത്തിനായി 100 കോടി
ഭക്ഷ്യ സുരക്ഷാ പദ്ധതിക്കായി 20 കോടി
സപ്‌ളൈകോക്ക് 100 കോടി
പോലീസ് വകുപ്പിനായി 3048 കോടി
നെയ്യാര്‍ ഡാമിന്റെ ശുദ്ധജല പദ്ധതിയുടെ പ്രാരംഭ ചെലവിനായി 10 കോടി
റബ്ബറിന് 150 കോടി താങ്ങുവില ഏര്‍പ്പെടുത്തും. 20,000 മെട്രിക് ടണ്‍ റബ്ബര്‍ സംഭരിക്കും.
..............................
വില കുറയുന്നവ
...............................
എല്‍എന്‍ജി
കീടനാശിനി
ബാറ്ററി നിര്‍മ്മാണത്തിനുപയോഗിക്കുന്ന ലെഡ് ഓക്‌സൈഡ്
ഖാദി ഉല്‍പന്നങ്ങള്‍
ജിപ്‌സം ഉപയോഗിച്ച് നിര്‍മിക്കുന്ന വാള്‍പാനലുകള്‍
തേന്‍, തേനീച്ചപ്പെട്ടി
അരി, അരി ഉല്‍പന്നങ്ങള്‍
ഗോതമ്പ്, മൈദ,ആട്ട, സൂചി, റവ
പഞ്ചസാര
..............................
വില കൂടുന്നവ
.............................
പെട്രോള്‍,ഡീസല്‍
നിര്‍മാണ സാമഗ്രികള്‍
ബീഡി
നൈലോണ്‍ കയര്‍
പോളിസ്റ്റര്‍ ട്വയിന്‍
പ്ലാസ്റ്റിക് ചൂല്
ബ്രഷ്
മോക്‌സ്
ഇറച്ചിക്കോഴി
ഹോട്ടല്‍ നിരക്ക്
ഹാള്‍, ഓഡിറ്റോറിയം എന്നിവയുടെ വാടക, ഡിസ്‌പോസിബിള്‍ കപ്പ്, പ്ലേറ്റ്
സ്റ്റെറോഫോം കപ്പ്
തെര്‍മോക്കോള്‍, സ്റ്റെറോഫോം ഷീറ്റ്
ഫ്ല്‍ക്‌സ്
---------------------------------------------------------------------------- BY : Shanila Sukumaran, Entevaartha Media. ================= END =================
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം
PLEASE NOTE : നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാം, താഴെ നല്‍കുന്ന അഭിപ്രായങ്ങള്‍ക്ക് മീഡിയയുമായ് ബന്ധമില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.
  • കേരളം
  • ദേശീയം
  • വിദേശം